മില്‍മ പാല്‍
മില്‍മ പാല്‍

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചു

Posted By Online Desk| 23-Nov-2022 0 Comments |585 Views |Courtesy

പാലക്കാട്‌ : സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചു. ഒറ്റയടിയ്ക്ക് 6 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. വില വര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കര്‍ഷകന് ലിറ്ററിന് 5 രൂപ നാല് പൈസ വരെ വില വര്‍ധനവ് ലഭിക്കുമെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി പാലക്കാട് അറിയിച്ചു.

പാല്‍ അനുബന്ധ ഉല്‍പ്പന്നങ്ങളായ തൈര്, മോര്, നെയ്യ് എന്നിവയുടെ വിലയിലും ആനുപാതികമായ വര്‍ദ്ധനവ് ഉണ്ടാവും. വിലവര്‍ധനയുടെ 83.75 % കര്‍ഷകര്‍ക്ക് നല്‍കും. അതായത് ലിറ്ററിന് 5 രൂപ നാല് പൈസ വരെ വില വര്‍ധനവ് കര്‍ഷകന് ലഭിക്കും. ക്ഷീര മേഖലയെ കുറിച്ച് പഠനം നടത്തിയ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധനവ്. ഇതിന് സര്‍ക്കാരിന്റെ അനുമതി ഉണ്ടെന്നും കെ എസ് മണി അറിയിച്ചു. 

കാലിത്തീറ്റ ഉള്‍പ്പെടെ പാല്‍ ഉല്‍പാദനത്തിന്റെ അസംസ്കൃത വസ്തുക്കളുടെ കൂടിയ വിലയാണ് വില വര്‍ധനവിന് കാരണം. ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിക്കുമ്പോള്‍ കര്‍ഷകന് 8.57 രൂപയുടെ നഷ്ടം സംഭവിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. 2019 നു ശേഷം 2022ല്‍ മാത്രമാണ് മില്‍മ കാലിത്തീറ്റയ്ക്ക് വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.

കാലിത്തീറ്റയുടെ അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഉടനെ ഒരു വില വര്‍ധനവിന് സാധ്യതയില്ല. സംസ്ഥാനത്തെ പാല്‍ ഉല്‍പാദനത്തില്‍ 12 % കുറവ് വന്നപ്പോള്‍ വില്‍പ്പനയില്‍ 12 % അധികരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് 24 % പാലിന്റെ കുറവാണ് അനുഭവപ്പെടുന്നത്. കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില നല്‍കി പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് കുറവ് നികത്താനാണ് മില്‍മ ശ്രമിക്കുന്നത്.  


LATEST NEWS
POPULAR POST

Search Heare

Begin typing your search above and press return to search.