LATEST NEWS

കേരളത്തിൽ യൂ ഡി എഫ് അധികാരത്തിലെത്തുമെന്നു ചലച്ചിത്ര താരം അഡ്വ: ശാന്തി മായാദേവി
കേരളത്തിൽ യൂ ഡി എഫ് അധികാരത്തിലെത്തുമെന്നു ചലച്ചിത്ര താരം അഡ്വ: ശാന്തി മായാദേവി

കേരളത്തിൽ യൂ ഡി എഫ് അധികാരത്തിലെത്തുമെന്നു ചലച്ചിത്ര താരം അഡ്വ: ശാന്തി മായാദേവി

Posted By ആദർശ് മുക്കട| 08 Apr 2021 0 Comments |500 Views |Courtesyവീക്ഷണം പ്രതിനിധി ആദർശ് മുക്കട

ദൃശ്യം 2 വിലെ അഭിനേത്രി അഡ്വ: ശാന്തി മായാദേവിയുമായി വീക്ഷണം പ്രതിനിധി ആദർശ് മുക്കട നടത്തിയ അഭിമുഖം

കോൺഗ്രസ്‌ രാഷ്ട്രീയത്തിലേക്ക് എത്തിയത്?

പഠിക്കുന്ന കാലത്ത് കെഎസ്‌യു വിന്റെ സജീവ പ്രവർത്തകയായിരുന്നു. തിരുവനന്തപുരം ലോ അക്കാഡമി ക്യാംപസിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ കൃത്യമായ രാഷ്ട്രീയ നിലപാട് എനിക്ക് ഉണ്ടായിരുന്നു. കുടുംബപശ്ചാത്തലവും കോൺഗ്രസിന് അനുകൂലമായിരുന്നു. ലീഡർ കെ കരുണാകരനെ ഏറെ ഇഷ്ടത്തോടെയും താൽപര്യത്തോടെയും കണ്ടുകൊണ്ടിരുന്ന സാഹചര്യങ്ങളിലൂടെയാണ് ഞാൻ വളർന്നു വന്നത്. ഈ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ആദർശങ്ങളും ആശയങ്ങളും അടുപ്പം തോന്നിയിട്ടുള്ളതാണ്. അതൊക്കെയാണ് കോൺഗ്രസിനൊപ്പം ചലിക്കുവാൻ ഉള്ള കാരണങ്ങൾ. എന്റെ കാഴ്ചപ്പാടുകൾക്കൊപ്പം ചേർന്നുപോകുന്ന ഒരു പ്രസ്ഥാനം ആയിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തോന്നിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തതിനെക്കുറിച്ച്?

പ്രധാനമായും നാല് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം കടന്നുചെന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, എറണാകുളം ജില്ലയിലെ കളമശ്ശേരി, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാർത്ഥികൾക്കുവേണ്ടി വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്. കോൺഗ്രസ് പ്രവർത്തകർക്കിടയിലും യുഡിഎഫ് പ്രവർത്തകർക്കിടയിലും പ്രചാരണ പരിപാടികളിൽ വളരെ വലിയ ആവേശം കാണുന്നുണ്ട്.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായത് പിന്നീട് എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ജീവിതത്തിൽ ഏറ്റവുമധികം ആവേശം നൽകുന്നത് കലാലയത്തിലെ രാഷ്ട്രീയ പ്രവർത്തനമാണ്. കോളേജ് തിരഞ്ഞെടുപ്പ് സമയവും ഏറെ അനുഭവങ്ങൾ നൽകുന്നതായിരുന്നു. പഠനത്തിനുശേഷം അഡ്വക്കേറ്റ് ആയി ജോലി പ്രവേശിച്ചപ്പോൾ ലോയേഴ്സ് കോൺഗ്രസിന്റെ വിവിധ ഭാരവാഹിത്വങ്ങളിലേക്ക് കടന്നുവരുവാനും സജീവമായി നിലകൊള്ളുവാനും സാധിച്ചിട്ടുണ്ട്. നമ്മുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മറ്റുള്ളവരുമായി പങ്കു വെക്കുവാൻ സാധിച്ചതിൽ ഈ വേദികൾ എനിക്ക് ഒരുപാട് സഹായകരമായിട്ടുണ്ട്.

സിനിമയും രാഷ്ട്രീയവും അഭിഭാഷകവൃദ്ധിയും വ്യത്യസ്തമായ മൂന്ന് മേഖലകൾ ആണല്ലോ. ഏതിനാണ് കൂടുതൽ പ്രാധാന്യമുള്ളത്?

അതിനൊക്കെയും അതിന്റെതായ പ്രാധാന്യമുണ്ട്. ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് എന്റെ കുടുംബത്തിനോടും തൊഴിലിനോടും ആണ്. കോൺഗ്രസ്സ് എന്ന പ്രസ്ഥാനം എന്നും എന്റെ ജീവിതത്തിന്റെ ഭാഗം കൂടിയാണ്. അതെന്നും എന്നിൽ തന്നെയുണ്ടാകും. സിനിമകൾ നല്ല അവസരങ്ങൾ ലഭിക്കുമ്പോൾ അതിനൊപ്പം ചേർന്നുനിൽക്കുന്നതാണ്.

യുഡിഎഫ് പ്രകടനപത്രികയേയും നാട് നന്നാക്കാൻ യുഡിഎഫ് എന്ന മുദ്രാവാക്യത്തെയും എങ്ങനെകാണുന്നു?

മറുപക്ഷത്ത് ഉള്ളവർ പോലും അംഗീകരിക്കുന്ന പ്രകടനപത്രികയാണ് യുഡിഎഫിന്റേത്. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ ഈ പ്രകടനപത്രികയെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും ഇന്നത്തെ കേരളത്തിലെ ജനതയ്ക്ക് ഏറെ ആവശ്യമുള്ളതാണ്. കാലഘട്ടത്തിന്റെ ആവശ്യകതയാണ് ഈ പ്രകടന പത്രികയും അതിന്റെ സാക്ഷാത്കാരവും.

ചലച്ചിത്ര രംഗത്തു നിന്നും കലാരംഗത്തുനിന്നും കോൺഗ്രസ്സിലേക്ക് കടന്നുവരുന്നവർ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വേട്ടയാടലുകൾക്ക് വിധേയമാകുന്നുണ്ട് അതിനെപ്പറ്റി…?

പലപ്പോഴും കൃത്യമായ മേൽവിലാസം പോലുമില്ലാത്ത ഐഡിയിൽ നിന്നാണ് ഇത്തരം മോശം കമന്റുകളും പോസ്റ്റുകളും വരാറുള്ളത്. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിനോ നേതാക്കൾക്കോ ഇതുമായി നേരിട്ട് ബന്ധം ഒന്നും ഉണ്ടാവുകയില്ല. കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് തരം വേട്ടയാടലുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടാകുന്നതിനോട് യോജിക്കാൻ സാധിക്കുന്നതല്ല.

പിഎസ്‌സി അട്ടിമറിയും പിൻവാതിൽ നിയമനങ്ങളും അതിനോടുള്ള പ്രതികരണവും?

പിൻവാതിൽ നിയമനങ്ങളും പി എസ് സി അട്ടിമറിയും ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. അർഹത ആവണം ഇത്തരത്തിലുള്ള നിയമങ്ങളുടെ അടിസ്ഥാന മാനദണ്ഡം. എന്നാൽ അത് പലപ്പോഴും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ട്. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെടരുതെന്നാണ് ആഗ്രഹം.

ഏതുതരം രാഷ്ട്രീയമാണ് നാടിന് അപകടം?

കോർപ്പറേറ്റ് രാഷ്ട്രീയമാണ് നാടിനാപത്ത്. മാധ്യമങ്ങൾക്ക് പോലും മുന്നിൽ വന്ന് എന്തിനെയും ഏതിനെയും വെല്ലുവിളിക്കുന്ന ഇത്തരം രാഷ്ട്രീയം നാടിന് ആപത്താണ്. ജനകീയ വിഷയങ്ങൾ ചർച്ചയാകുകയും ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയമാണ് നാടിന് വേണ്ടത്.

യുഡിഎഫിന്റെ സാധ്യതകളെപ്പറ്റി?

ഉജ്ജ്വല ഭൂരിപക്ഷത്തോടെ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് ഉറച്ചവിശ്വാസം. അധികാരത്തിലെത്തിയശേഷം പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി ചെയ്യുമെന്ന് കരുതുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായ നാളുകളാണ് ഇനി ഉണ്ടാകുവാൻ പോകുന്നത്.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.