LATEST NEWS

കോഴിക്കോട് ജില്ലയിൽ കനത്ത മഴ

Posted By വെബ് ഡെസ്​ക്| 15 May 2021 0 Comments |58 Views |Courtesy

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും കടൽ ക്ഷോഭവും രൂക്ഷമാണ്. തോപ്പയിൽ, കൊയിലാണ്ടി, ഗോതീശ്വരം, കടലുണ്ടി, പുറങ്കര ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. ബേപ്പൂർ ഗോതീശ്വരം റോഡ് കടലെടുത്തു. ചോമ്പാൽ ഹാർബറിൽ നിന്നും നാല് വള്ളം ഒഴുകി കടലിൽ കാണാതായി. അഴിയൂരിൽ കടൽത്തീരത്ത് കരയിൽ വെച്ച തോണികൾ കടൽ ക്ഷോഭത്തിൽ തകർന്നു. പത്ത് തോണികൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോഴിക്കോട് താലൂക്കിൽ ഒന്നും കൊയിലാണ്ടി താലൂക്കിൽ രണ്ടും ക്യാമ്പുമാണ് തുറന്നത്. മൂന്ന് ക്യാമ്പുകളിലുമായി പത്ത്‌ കുടുംബങ്ങളിൽ നിന്നായി 24 പുരുഷന്മാരും 21 സ്ത്രീകളും 16 കുട്ടികളുമുൾപ്പടെ 61 അന്തേവാസികളാണുള്ളത്.

കൊയിലാണ്ടി താലൂക്കിലെ കൊല്ലം പാറപ്പള്ളി ബീച്ചിൽ ഉണ്ടായ കടൽക്ഷോഭത്തെ തുടർന്ന് വിയ്യൂർ വില്ലേജിലെ ഏഴ് കുടുംബങ്ങളിലെ 44 പേരെ ശറഫുൽ ഇസ്‌ലാം മദ്രസയിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. 16 സ്ത്രീകളും 17 പുരുഷന്മാരും 11 കുട്ടികളുമാണ്. ചെങ്ങോട്ടുകാവ് വില്ലേജിലെ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളെ ജി എൽ പി എസ് മാടാക്കരയിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. രണ്ട് സ്ത്രീകളും മൂന്ന് പുരുഷൻമാരും മൂന്നു കുട്ടികളുമാണ്. കോഴിക്കോട് താലൂക്കിലെ കസബ വില്ലേജിൽ തോപ്പയിൽ ക്യാമ്പ് ആരംഭിച്ചു. രണ്ടു കുട്ടികളും നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് ഇവിടെയുള്ളത്.

വടകര വില്ലേജിൽ 100 കുടുംങ്ങളിൽ നിന്ന് 310 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. വടകര തീരപ്രദേശങ്ങളായ വടകര സാൻ്റ് ബാങ്ക്സ്, പുറങ്കര, അഴിയൂർ ചോമ്പാൽ ഹാർബർ, കുരിയാടി മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി .ഈ മേഖലയിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ഏറാമല മമ്പള്ളീമ്മൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ആളപായമില്ല .
കടലുണ്ടി വില്ലേജിൽ കടലാക്രമണത്തെ തുടർന്ന് കപ്പലങ്ങാടി ഭാഗത്തു നിന്നും 17 കുടുംബങ്ങളെയും വാക്കടവ് ഭാഗത്തു നിന്നും രണ്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. കടലുണ്ടിക്കടവ് ഭാഗത്തു നിന്നും ആറ് കുടുംബങ്ങളയും ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എൻ ഡി ആർ എഫ് സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്. 21 അംഗങ്ങളുളള സംഘം വേങ്ങേരി ഗസ്റ്റ് ഹൗസിലാണ് ക്യാംപ് ചെയ്യുന്നത്.
കടലാക്രമണത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.