LATEST NEWS

ഫ്ലോറന്‍സ് നൈറ്റിങ്ഗേലിന്റെ ശവകുടീരം
ഫ്ലോറന്‍സ് നൈറ്റിങ്ഗേലിന്റെ ശവകുടീരം

അന്താരാഷ്ട്ര നഴ്​സസ് ദിനാശംസകള്‍

Posted By Eby Sebastian| 12 May 2021 0 Comments |105 Views |Courtesy

ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്ലോറന്‍സ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര ​നഴ്സസ് ദിനമായി ആചരിക്കപ്പെടുന്നത്. ഇറ്റലിയിലെ ഫ്ലോറന്‍സ് നഗരത്തില്‍ ജനിച്ചതുകൊണ്ട് മാതാപിതാക്കള്‍ ആ പേര് നല്‍കിയ നൈറ്റിങ്ഗേല്‍ ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അവരുടെ 201മത് പിറന്നാളായിരുന്നു. ഇംഗ്ലീഷ് സാമൂഹികപരിഷ്കര്‍ത്താവ്, സ്റ്റാറ്റിസ്റ്റീഷ്യന്‍ (സ്ഥിതിവിവരകണക്കുകളില്‍ പ്രാവീണ്യമുള്ള വ്യക്തി) എന്ന നിലകളില്‍ കൂടി അറിയപ്പെട്ടിരുന്ന നൈറ്റിങ്ഗേല്‍ തന്റെ ജീവിതകാലഘട്ടത്തില്‍ നഴ്സിങ് മേഖലയ്ക്ക് നല്‍കിയ നിസ്തുലമായ സംഭാവനകളാല്‍ മാനവരാശി നിലനില്‍ക്കുന്നിടത്തോളും കാലം ലക്ഷോപലക്ഷം 'ജീവന്റെ വാനമ്പാടികള്‍'ളിലൂടെ അമര്‍ത്യയായി കുടികൊള്ളും.

ലോകമറിയപ്പെടുന്ന ഇംഗ്ലീഷ് വനിതകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നൈറ്റിങ്ഗേലിന്റെ ഓര്‍മ്മ ദിവസങ്ങളും സമുചിതമായ രീതിയില്‍ തന്നെയാണ് ആചരിക്കപ്പെടുന്നത്. മെയ് 12ന് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങളില്‍, രണ്ട് വാര്‍ഷിക അനുസ്മരണ ശിശ്രൂഷകള്‍ ഇംഗ്ലണ്ടില്‍ നടത്തപ്പെടുന്നു. രാജ്യത്തെ പ്രമുഖദേവാലയമായ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലും  ലേഡി നൈറ്റിങ്ഗേലിനെ സംസ്ക്കരിച്ച ഹാംപ്ഷെയറിലെ ഈസ്റ്റ് വെലോയിലുള്ള അന്ത്യോക്യയിലെ വിശുദ്ധ മാര്‍ഗരറ്റിന്റെ നാമഥേയത്തിലുള്ള ദേവാലയത്തിലും. 

1910 ഓഗസ്റ്റ് 20ന്, ലണ്ടന്‍ സെന്റ് പോള്‍സ് കത്തീഡ്രലിലെ  ശവസംസ്കാര ശുശ്രൂഷയ്ക്കുശേഷം, ലണ്ടനില്‍ നിന്ന് ഹാംപ്ഷെയറിലെ റോംസി സ്റ്റേഷനിലേക്കുള്ള പ്രത്യേക ട്രെയിന്‍  നൈറ്റിങ്ഗേലിന്റെ ശവമഞ്ചവും വഹിച്ചു യാത്രതിരിച്ചു. ക്രിമിയയില്‍ ഒപ്പം സേവനമനുഷ്ഠിച്ച സൈനികര്‍ അന്ത്യയാത്രയില്‍ അവരെ അനുധാവനം ചെയ്തു. അവരുടെ മൃതദേഹം വഹിച്ച് ഗ്ലാസ് വശങ്ങളുള്ള വാഹനം ഇടുങ്ങിയ പാതകളിലൂടെ ഈസ്റ്റ് വെല്ലോയിലെ സെന്റ് മാര്‍ഗരറ്റ് ദേവാലയ സെമിത്തേരിയിലേയ്ക്ക് എത്തിച്ചേര്‍ന്നപ്പോള്‍ ആ പ്രദേശത്തെ ജനങ്ങളൊന്നാകെ ഒഴുകിയെത്തിയെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിജയകരമായ ഒരു ജീവിതയാത്ര പൂര്‍ത്തീകരിച്ച്  മാതാപിതാക്കളോടൊപ്പം കുടുംബ കല്ലറയില്‍ സംസ്കരിക്കപ്പെടുവാനായെത്തിയ തങ്ങളുടെ പ്രിയമകളെ അവസാനമായി കാണുവാനെത്തിയവരെ സംബന്ധിച്ചിടത്തോളം, “ഞാന്‍ അവിടെ ഉണ്ടായിരുന്നു” എന്ന് പറയുന്നത് അഭിമാനമായിരുന്നിരിക്കണം. യഥാര്‍ത്ഥത്തില്‍ സെന്റ് മാര്‍ഗ്രറ്റ് ദേവാലയ സെമിത്തേരിയിലെ സംസ്ക്കാരം കുടുംബ തീരുമാനം മാത്രമായിരുന്നുവത്രെ. തന്റെ  ശരീരം മെഡിക്കല്‍ ഗവേഷണത്തിന് പോകണമെന്ന് നൈറ്റിങ്ഗേല്‍  ആഗ്രഹിച്ചപ്പോള്‍ രാജ്യത്തെ പ്രമുഖരെ സംസ്കരിക്കുന്ന വെസ്റ്റ്മിനിസ്റ്റര്‍  ആബിയില്‍ സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചു. ഒടുവില്‍ യാതൊരു തിരക്കുമില്ലാത്ത പ്രശാന്തസുന്ദരമായ ഒരു ദേവാലയ സെമിത്തേരിയില്‍ എത്തിപ്പെടുകയും ചെയ്തു. 

കോവിഡിന്റെ ആദ്യഘട്ട തേര്‍വാഴ്ച്ചയ്ക്ക് ശേഷം മരണനിരക്കുകളിലും രോഗബാധിതരുടെ എണ്ണത്തിലും അല്പമൊരു ശമനം കിട്ടിയപ്പോള്‍ നല്‍കിയ ലോക്ഡൗണ്‍ ഇളവുകളെ പ്രയോജനപ്പെടുത്തിയാണ് ഞങ്ങള്‍ ഇംഗ്ലണ്ടിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ 2020 സെപ്തംബറില്‍ സന്ദര്‍ശിച്ചത്. സെന്റ് മാര്‍ഗരറ്റ് ദേവാലയം മാഗ്ന കാര്‍ട്ട ഒപ്പിട്ട വര്‍ഷമായ 1215ല്‍ സ്ഥാപിതമായതാണ്. ഒരു ചെറിയ കെട്ടിടമാണെങ്കിലും  വാസ്തുവിദ്യകളാല്‍ സമ്പന്നമാണെന്ന് വായിച്ചറിഞ്ഞു. ഞങ്ങള്‍ സന്ദര്‍ശിച്ച സമയം ദേവാലയം തുറന്നിട്ടുണ്ടായിരുന്നില്ല. പകരം നൈറ്റിങ്ഗേലിന്റെ സ്മരണാര്‍ത്ഥം ചെയ്തിരുന്ന ബഞ്ചില്‍ ഇരുന്ന് സംതൃപ്തിയടഞ്ഞു. സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ നാല് കുടുംബാംഗങ്ങള്‍ക്കായി ഓരോ വശത്തും ലിഖിതങ്ങളുണ്ട്. അതില്‍ എളിമയാര്‍ന്ന ആ ജീവിതം പോലെ തന്നെ വാചകങ്ങളും. പേരിന്റെ ആദ്യാക്ഷരങ്ങളെ സൂചിപ്പിക്കുന്ന "എഫ്. എന്‍." ഒരു ചെറിയ കുരിശുണ്ട്. "ജനനം 1820. മരണം 1910."

സാലിസ്ബറിയും സതാംപ്ടണും തമ്മിലുള്ള പ്രധാന പാതയായ എ36-ല്‍ നിന്നും അല്പദൂരം മാത്രമേ ഈ ദേവാലയത്തിലേയ്ക്ക് യാത്ര ചെയ്യേണ്ടതൊള്ളൂ. നൈറ്റിങ്ഗേല്‍ കുടുംബം ഈ ദേവാലയത്തിന് അടുത്തുള്ള എംബ്ലി പാര്‍ക്കിലാണ് താമസിച്ചിരുന്നത്, എല്ലായ്പ്പോഴും തന്റെ പ്രിയ കുടുംബ ഭവനമായി നൈറ്റിങ്ഗേല്‍ കണക്കാക്കിയിരുന്ന ആ എസ്റ്റേറ്റിലെ ഒരു ദേവദാരു വൃക്ഷത്തിന് കീഴില്‍ ഇരുന്നപ്പോഴാണ് രോഗികളെയും അഗതികളെയും ശുശ്രൂഷിക്കുന്നതിനുള്ള ദൈവവിളി അവര്‍ക്കുണ്ടായത്. അവരുടെ കുടുംബവീട് ഇന്ന് അതിപ്രശസ്തമായ ഒരു ബോര്‍ഡിങ് സ്ക്കൂളാണ്. ആ ദേവദാരു വൃക്ഷം കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ പല സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വരുന്ന യാത്രയായിരുന്നതിനാല്‍ കോവിഡ്-19 കാലഘട്ടത്തില്‍ ഒരു സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത് ഉചിതമല്ലെന്ന ഭാര്യയുടെ അഭിപ്രായം മാനിച്ച് മറ്റൊരു അവസരത്തിലാവട്ടെ എന്നു കരുതി മാറ്റി വച്ചു. 

കോവിഡ്-19 മഹാമാരി നമ്മുടെയെല്ലാം ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്ന ഈയൊരു ഇരുണ്ടകാലഘട്ടത്തില്‍ സ്വജീവന്‍ തൃണവത്ഗണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്ന അവസരത്തില്‍ ഫ്ലോറന്‍സ് നൈറ്റിങ്ഗേലിന്റെ ശവകുടീരം സന്ദര്‍ശിച്ചത് ഒരു തീര്‍ത്ഥാടനം പോലെയാണ് തോന്നിയത്. ആ മഹദ്ജീവിതത്തിന് മുന്നില്‍ പ്രണാമം. 

അന്താരാഷ്ട്ര നഴ്സസ് ദിനാശംസകള്‍.  


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.