LATEST NEWS

കെ.ആര്‍. ഗൗരിയമ്മ
കെ.ആര്‍. ഗൗരിയമ്മ

കെ.ആര്‍. ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ

Posted By സ്വന്തം ലേഖകന്‍| 11 May 2021 0 Comments |436 Views |Courtesy

ആലപ്പുഴ: രാഷ്‌ട്രീയ കേരളത്തിന്‍റെ വിപ്ലവ നക്ഷത്രം കെ.ആര്‍. ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ. പുന്നപ്ര വയലാര്‍ സമരസഖാക്കളും ജീവിത സഖാവ് ടി.വി. തോമസും അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്ര വലിയ ചുടുകാട്ടില്‍ സജ്ജമാക്കിയ ചിതയിലെ തീനാളങ്ങള്‍ ഈ ധീരവനിതയെ ഏറ്റുവാങ്ങി. ഐക്യ കേരളത്തിന്‍റെ ആദ്യത്തെ മന്ത്രിസഭയിലെ അവസാനത്തെ കണ്ണി, കേരളത്തിന്‍റെ ആദ്യത്തെ വനിതാ മന്ത്രി, ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭയില്‍ അംഗമായിരുന്ന വനിത, ഏറ്റവും കൂടുതല്‍ കാലം കേരളത്തിന്‍റെ മന്ത്രി തുടങ്ങിയ നിലകളിലൊക്കെ ചരിത്രത്തിന്‍റെ ഭാഗമായ ഗൗരിയമ്മ ഇനി രാഷ്‌ട്രീയ കേരളത്തിന്‍റെ സുവര്‍ണ നക്ഷത്രം.

ഇന്നു രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിയില്‍ അന്തരിച്ച ഗൗരിയമ്മയുടെ മൃതദേഹം പത്തു മണിയോടെ അയ്യങ്കാളി സ്മാരകത്തിലെത്തിച്ചു. അവിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ സംഘടനാ നേതാക്കള്‍, സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പന്ത്രണ്ടു മണിയോടെ പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ആലപ്പുഴയിലേക്ക്.

കോവിഡ് മാനദണ്ഡങ്ങളുണ്ടായിരുന്നതിനാല്‍ വഴിവക്കിലൊരിടത്തും പൊതുദര്‍ശനം ഉണ്ടായിരുന്നില്ല. പട്ടണക്കാട് ചാത്തനാട്ട് വീട്ടിലും ആലപ്പുഴ ടിഡി ഹാളിലും പൊതു ദര്‍‌ശനത്തിനു വച്ച ശേഷമാണ് വലിയ ചുടുകാട്ടിലെത്തിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ സംസ്കാര ചടങ്ങുകള്‍ തുടങ്ങി. പോലീസിന്‍റെ ലാസ്റ്റ് സല്യൂട്ടിനു ശേഷം ഗൗരിയമ്മയുടെ സഹോദരിയുടെ മകളുടെ മകന്‍ ചിതയ്ക്കു തീ കൊളുത്തി.

കേരളത്തിന്‍റെ സ്ത്രീ മുന്നേറ്റത്തിലും ഭൂപരിഷ്കരണത്തിലും പാട്ടക്കുത്തക അവസാനിപ്പിച്ചതിലുമൊക്കെ നിര്‍ണായക സ്വാധീന ശക്തിയായിരുന്ന ഗൗരിയമ്മയുടെ ഭൗതിക ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുന്നതിനു നേരിട്ട് സാക്ഷികളാകാന്‍ വലിയ ജനക്കൂട്ടമുണ്ടായിരുന്നില്ല. കോവിഡ് നിയമങ്ങളില്‍ ഇളവ് അനുവദിച്ച് മുന്നൂറു പേര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയെങ്കിലും അതില്‍ക്കൂടുതല്‍ ആളുകള്‍ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചാത്തനാട്ടെ വീട്ടിലും ടിഡി ഹാളിലും വലിയ ചുടുകാട്ടിലും എത്തിയിരുന്നു.


LATEST NEWS
MOST READ IN 7 DAYS

Search Heare

Begin typing your search above and press return to search.